ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ ഡൽഹി പോലീസ് നോട്ടീസ് നൽകി മടങ്ങി.
രണ്ടുമണിക്കൂറോളം പോലീസ് കാത്തുനിന്നുവെങ്കിലും കാണാൻ രാഹുൽ തയാറായില്ല. ഇതോടെയാണ് പോലീസ് നോട്ടീസ് നൽകി മടങ്ങിയത്.
അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില് പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിലാണ് ഡൽഹി പോലീസിന്റെ നീക്കം. പീഡനത്തിനിരയായ പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഈ വിഷയത്തിൽ മൊഴി നൽകാൻ രാഹുലിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. കാഷ്മീരിൽ പൊതുസമൂഹത്തോട് സംസാരിക്കവെ, കേന്ദ്രഭരണ പ്രദേശത്തെ ലൈംഗികാതിക്രമ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നിരവധി സ്ത്രീകൾ തന്നെ സമീപിച്ചതായാണ് രാഹുൽ അന്ന് വെളിപ്പെടുത്തിയത്.
കാണാൻ രാഹുൽ തയാറായില്ല; നോട്ടീസ് നൽകി പോലീസ് മടങ്ങി
03:51 PM Mar 19, 2023 | Deepika.com