പൊൻകുതിപ്പ്..! പവന് 1200 രൂപ വര്‍ധന; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ?

12:01 PM Mar 18, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി.

ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്.

അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.