യൂത്ത് കോൺഗ്രസിന്‍റെ നിയമസഭാ മാർച്ചിൽ സംഘർഷം; ജലപീരങ്കി

04:53 PM Mar 16, 2023 | Deepika.com
തിരുവനന്തപുരം: നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

സ്പീക്കർ എ.എൻ. ഷംസീറിന്‍റെയും മന്ത്രി മുഹമ്മദ് റിയാസിന്‍റെയും കോലം കത്തിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. ചാനൽ കാമറകൾ തട്ടിമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു.

അതേസമയം, നിയമസഭാ മന്ദിരത്തിലെ കൈയാങ്കളിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ചാലക്കുടി എംഎല്‍എ സനീഷ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സച്ചിന്‍ ദേവ്, എച്ച്.സലാം എന്നീ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെയും അഡീ.ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, കണ്ടാലറിയാവുന്ന മറ്റ് വാച്ച് ആന്‍ഡ് വാര്‍ഡുമാർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്പീക്കറുടെ ഓഫിസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്നാണ് സനീഷിന്‍റെ പരാതി.

അതേസമയം വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തു. ബുധനാഴ്ച സ്പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷീനയാണ് പരാതി നല്‍കിയത്.

റോജി.എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമാ തോമസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.