ബംഗളൂരൂ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ്. വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് സ്വപ്നയുടെ പ്രതികരണം.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണമെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ വിജയ് പിള്ളയ്ക്കൊപ്പം ഒത്തുതീര്‍പ്പിനെത്തിയ ആളെ പോലീസ് കണ്ടെത്തുമാണ് പ്രതീക്ഷ. നേരത്തെ ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നു. താന്‍ ജനങ്ങളുടെ മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൊച്ചി ക്രൈബ്രാഞ്ച് അയാളെ രക്ഷപെടുത്തി, തനിക്കെതിരെ കേസെടുത്തെന്നും സ്വപ്ന പറഞ്ഞു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കെതിരെ കേസെടുത്താലും അതിനെ നേരിടും. എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്.
ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്.
സി.എം.രവീന്ദ്രന് പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ടെന്നും സ്വപ്ന വിമര്‍ശിച്ചു.
മുഖ്യമന്ത്രി എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാകും സ്പേസ് പാര്‍ക്കില്‍ ജോലി തന്നത്. ഹസ്കറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സ്വപ്ന പറഞ്ഞു.
മാപ്പു പറയില്ല, എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും: സ്വപ്ന
04:54 PM Mar 16, 2023 | Deepika.com