വൃക്കയും കരളും വിൽക്കാനുണ്ടെന്ന് ബോർഡ്; പോലീസ് കേസെടുത്തേക്കും

10:13 AM Mar 13, 2023 | Deepika.com
തിരുവനന്തപുരം: സഹോദരനുമായുള്ള കുടുംബ സ്വത്ത് തർക്കത്തിന്‍റെ പേരിൽ വൃക്കയും കരളും വില്പനയ്ക്കെന്ന് പരസ്യ ബോർഡ് വച്ച സംഭവത്തിൽ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. ഫോർട്ട് പോലീസാണ് നിയമോപദേശം തേടിയത്.

മണക്കാട് സ്വദേശി സന്തോഷ് (50) ആണ് സഹോദരൻ ചന്ദ്രനുമായുള്ള സ്വത്ത് തർക്കത്തിന്‍റെ പേരിൽ സ്വന്തം വൃക്കയും കരളും വിൽക്കുന്നുവെന്ന് കാട്ടി ടെലഫോണ്‍ നന്പർ സഹിതം പരസ്യ ബോർഡ് സ്ഥാപിച്ചത്. ഇത് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മണക്കാട് ജംഗ്ഷനിലുള്ള തന്‍റെ വസ്തു സഹോദരൻ കൈയേറിവച്ചിരിക്കുന്നുവെന്നും ജീവിക്കാൻ മാർഗമില്ലെന്നും തന്‍റെ അസുഖങ്ങൾക്ക് ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്നുമാണ് സന്തോഷ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.

എന്നാൽ അവയവ വില്പന കുറ്റകരമായതിനാൽ സന്തോഷിനെതിരെ കേസെടുക്കുന്നതിന് മുന്നോടിയായാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.