സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ല: തേജസ്വി യാദവ്

04:07 PM Mar 11, 2023 | Deepika.com
ന്യൂഡൽഹി: ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഗർഭിണിയായ ഭാര്യ ആശുപത്രിയിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നാണ് തേജസ്വി സിബിഐയെ അറിയിച്ചത്.

ഈ കേസിൽ വെള്ളിയാഴ്ച തേജസ്വിയുടെ ഡൽഹിയിലെ വസതിയിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകന്‍ തേജസ്വി യാദവിനെയും സിബിഐ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

മാര്‍ച്ച് ഏഴിന് മകളും എംപിയുമായ മിസ ഭാരതിയുടെ ഡല്‍ഹി പന്തര പാര്‍ക്കിലെ വസതിയില്‍ വച്ച് ലാലു പ്രസാദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഇവിടെയാണ് ലാലു പ്രസാദ് വിശ്രമിക്കുന്നത്.

ഇതിന് തൊട്ടുപിന്നാലെ ഭാര്യ റാബ്രി ദേവിയെ പാറ്റ്നയിലെ വസതിയിലെത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലുവിനെയും റാബ്രി ദേവിയെയും കൂടാതെ പെൺമക്കൾ ഉൾപ്പടെ 12 പേരുകളാണ് എഫ്ഐആറിലുള്ളത്.

കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ യാദവിന്‍റെ സഹായിയും മുൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ഭോല യാദവിനെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി യാദവും കുടുംബാംഗങ്ങളും കുറഞ്ഞ നിരക്കിൽ ഭൂമി വാങ്ങിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാലുവിന്‍റെയും റാബ്രിയുടെയും മക്കളായ മിസയുടെയും ഹേമയുടെയും പേരുകൾ ചേർത്ത സിബിഐ കേസ്.