കൊച്ചി വിഷപ്പുകയിൽ മൂടിയിട്ട് ഒമ്പതുദിവസം; മാലിന്യ നീക്കം തുടങ്ങി

02:58 PM Mar 11, 2023 | Deepika.com
കൊച്ചി: ഒന്പതു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി നഗരത്തിലെ മാലിന്യ നീക്കം തുടങ്ങി. ജൈവ മാലിന്യങ്ങൾ മാത്രമാണ് നിലവിൽ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വെള്ളിയാഴ്ച രാത്രിയോടെയാണ് മാലിന്യനീക്കം തുടങ്ങിയത്. അതേസമയം നിലവിലെ സാഹചര്യത്തിൽ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നത് എവിടെയെന്ന് കോർപ്പറേഷൻ ഇനിയും വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധങ്ങൾ ഭയന്നാണ് ഇത്തരമൊരു സമീപനം എന്നാണ് വിവരം.

മാലിന്യനീക്കം പഴയപടിയാകാൻ രണ്ടാഴ്ചയോളം സമയമെടുക്കും. എത്രയും വേഗം ഇവ സംസ്കരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് പറഞ്ഞു.

അതേസമയം ബ്രഹ്മപുരം പ്ലാന്‍റിന് മുന്നിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്‍റിലേക്ക് അന്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് പോലീസ് സംരക്ഷണത്തിൽ ലോറികൾ പ്ലാന്‍റിലെത്തിച്ചു.

കൊച്ചി നഗരത്തിൽനിന്ന് ശേഖരിച്ച മാലിന്യമാണ് പ്ലാന്‍റിനകത്തെ തീ പിടിത്തം ബാധിക്കാത്ത സ്ഥലത്തിടാൻ എത്തിച്ചത്. പ്രതിഷേധം കാരണം അന്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേക്ക് തന്നെ കൊണ്ടുവന്നത്.

മഹാരാജാസ് കോളജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടോടെയാണ് മാലിന്യവുമായി ലോറികൾ പ്ലാന്‍റിലെത്തിച്ചത്. യാതൊരു തരംതിരിവും നടത്താതെയാണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.