പാക് പ്രകോപനങ്ങളോട് ഇന്ത്യ ശക്തമായി തിരിച്ചടിച്ചേക്കുമെന്ന് യുഎസ് റിപ്പോർട്ട്

02:34 PM Mar 09, 2023 | Deepika.com
നൂഡൽഹി: പാക് പ്രകോപനങ്ങളോട് ഇന്ത്യ മുന്‍പത്തേക്കാള്‍ ശക്തമായി തിരിച്ചടിച്ചേക്കാമെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് ഇന്‍റലിജന്‍സിന്‍റെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്ന ഭീകരശക്തികളെ പിന്തുണയ്ക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇത്തരം നീക്കങ്ങള്‍ക്ക് ശക്തമായ സൈനിക തിരിച്ചടി നല്‍കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാഷ്മീര്‍ പ്രശ്‌നത്തിലും, പാക്കിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യ- ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല.

2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തെതുടർന്നുണ്ടായ അസ്വസ്ഥതകള്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.