"കൊച്ചി കത്തുന്നു, ആമസോൺ കാട്ടിലെ തീയണച്ചോ?': ഡിവൈഎഫ്ഐയെ ട്രോളി നെറ്റിസൺ

02:46 PM Mar 09, 2023 | Deepika.com
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം എറണാകുളം ജില്ലയിലെ മുഴുവൻ ജനങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. തീ കത്തിയതാണോ കത്തിച്ചതാണോ എന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. തീയണക്കുന്നതിലുണ്ടായ കാലതാമസവും ജനങ്ങളിൽ കടുത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെതിരേ വിമർശനങ്ങളും ട്രോളുകളും ഉയരുന്നത്. 2019ൽ ആമസോൺ വനാന്തരങ്ങളിൽ പടർന്ന കാട്ടുതീ അണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തെ ഉയർത്തികാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.

2019 ഓഗസ്റ്റ് 25ന് മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയാണ് ജനങ്ങളുടെ വിമർശനം. മുഹമ്മദ് റിയാസും എ.എ. റഹീമുമടക്കമുള്ളവരാണ് അന്ന് ഡൽഹിയിൽ ആമസോൺ കാടിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.

ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയാറാവാത്ത ബ്രസിലീയൻ ഗവൺമെന്‍റിനെതിരെ, ഡൽഹിയിലെ ബ്രസീൽ എംബസിയിൽ ‍ഡിവൈഎഫ്ഐയുടെ പ്രതിഷേധമെന്നാണ് റിയാസ് ചിത്രത്തോടൊപ്പം കുറിച്ചത്.