എട്ടാം നാളും കൊച്ചി പുകയുന്നു, ജനമനസും

02:19 PM Mar 09, 2023 | Deepika.com
കാക്കനാട്: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപടർന്നിട്ട് ഇന്ന് എട്ട് ദിവസം പിന്നിടുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇത് അണയ്ക്കാൻ സാധിച്ചിട്ടില്ല. നഗരത്തിൽ പലയിടങ്ങളിലും രാവിലെ കനത്ത പുകയാണ്. ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ കളക്ടർ ആയി ചാർജെടുത്ത എൻ.എസ്.കെ. ഉമേഷ് ഉച്ചയോടെ ബ്രഹ്മപുരം സന്ദർശിക്കും. തുടർന്ന് കോർപറേഷൻ അഡീഷണൽ സെക്രട്ടറി, ജില്ലാ ഫയർ ഓഫീസർ, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ, അഡീഷണൽ ഡിഎംഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, ബിപിസിഎൽ, സിയാൽ, കെഎസ്ഇബി പ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മുന്നോട്ടുള്ള പ്രവർത്തനം വിലയിരുത്തും.

അതേസമയം, തീയണക്കാൻ കൂടുതൽ അഗ്നിശമനസേന യൂണിറ്റുകൾ ബ്രഹ്മപുരത്തേക്ക് എത്തും. തിരുവനന്തപുരം യൂണിറ്റിൽ നിന്നും 100 അംഗങ്ങൾ ബ്രഹ്മപുരത്തേക്ക് എത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ ഹിറ്റാച്ചികളും മേഖലയിലേക്ക് എത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ മുതൽ പ്ലാന്‍റിൽ 39 ഹിറ്റാച്ചികൾ എത്തിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് വേഗം കൂടിയത്. പോലീസിന്‍റെ സഹായത്തോടെ 21 ഹിറ്റാച്ചികളും മോട്ടോർ വാഹന വകുപ്പ് 18 വാഹനങ്ങളും പിടികൂടി ജില്ലാ ഭരണ കൂടത്തിന് കൈമാറുകയായിരുന്നു. അതേസമയം ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കായി ഡ്രൈവർമാരെ തേടുകയാണ് ജില്ലാ ഭരണകൂടം.