ആരോപണം അസംബന്ധം, കുടുംബാംഗങ്ങൾക്കായി ഇടപെട്ടിട്ടില്ല: വൈക്കം വിശ്വൻ

03:30 PM Mar 08, 2023 | Deepika.com
കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കരാര്‍ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് വൈക്കം വിശ്വൻ. കുടുംബാംഗങ്ങള്‍ക്കായി താന്‍ ഒരു ഇടപെടലും ഇതുവരെയും നടത്തിയിട്ടില്ലെന്നും മരുമകന്‍റെ കമ്പനിയിലോ കരാറിലോ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു.

ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു ആരോപണം എന്നറിയില്ല, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി തന്നെ വെല്ലുവിളിക്കുന്നത് കണ്ടു, ഇതിനെതിരെ നിയമനടപടി ആലോചിക്കും. തന്‍റെ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇതുവരെയില്ല.

മക്കളെ വിളിച്ച് അന്വേഷിച്ചിരുന്നു. ടെൻഡർ വഴി നിയമാനുസൃതമായാണ് അവർ ഈ ജോലിക്കായി നിയോഗിക്കപ്പെട്ടത് എന്നാണ് മനസിലായത്. ഇക്കാര്യം കൊച്ചി മേയറും പറഞ്ഞിട്ടുണ്ട്. മുമ്പ് ടെൻഡറില്ലാതെ നൽകിയിരുന്ന ജോലി, ഈ മേയർ വന്ന് ഒരു വർഷത്തിനുശേഷം ടെൻഡറിലൂടെയാണ് നിയമപ്രകാരം ഇവർക്ക് നൽകിയത്.

11 കോടി രൂപയുടെ ജോലിയാണ് ചെയ്തുവരുന്നത്. ഇതിൽ എട്ടരക്കോടിയുടെ പണി പൂർത്തിയാക്കി. നാലര കോടി രൂപ നൽകിയിട്ടുണ്ടെന്നും മേയർ പറയുന്നു. ഇക്കാര്യത്തിലെല്ലാം ഏത് അന്വേഷണം വേണമെങ്കിലും ആവാം.

മുഖ്യമന്ത്രിയുമായി നല്ല സൗഹൃദം എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഞാന്‍ എന്‍റെ കുടുംബകാര്യങ്ങള്‍ അദേഹത്തോട് ഇതുവരെയും പറഞ്ഞിട്ടില്ല. കുടുംബാംഗങ്ങളെ അദേഹത്തിന് അറിയുമോ എന്ന് പോലും തനിക്ക് അറിയില്ലായെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.