മാ​ലി​ന്യ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷം മ​നു​ഷ്യ​രു​ടെ അ​വ​കാ​ശം, ഇ​ത് കൊ​ച്ചി​യി​ലു​ണ്ടോ..? ഹൈ​ക്കോ​ട​തി

07:22 PM Mar 08, 2023 | Deepika.com
കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നുവെന്നും ഹൈക്കോടതി. കൊച്ചിയിലെ വിഷപ്പുക പ്രശ്നത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പൗരന്മാരുടെ അവകാശസംരക്ഷകർ എന്ന നിലയിലാണ് ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തത്. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമായി. അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ വിഷപ്പുക പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. നഗരത്തിലെ മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനവും വേണം. ഉറവിടങ്ങളിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചിയിലെ വിഷപ്പുക വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ യോഗം ചേരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മാലിന്യ സംസ്കരണ നിയമങ്ങൾ അഡീ. ചീഫ് സെക്രട്ടറി കോടതിയിൽ വായിച്ചു. എല്ലാം നിയന്ത്രണത്തിലെന്ന് കോർപ്പറേഷൻ സെക്രട്ടറിയും പറഞ്ഞു.

എന്നാൽ ഏറെ പേജുകളുള്ള റിപ്പോർട്ടുകളുമായി ഇങ്ങോട്ടു വരെണ്ടെന്നാണ് കോടതി സർക്കാരിന് മറുപടി നൽകിയത്. മാലിന്യപ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാൽ മതിയെന്നും കോടതി സർക്കാരിനോടായി പറഞ്ഞു.