തിരുനൽവേലി: തമിഴ്നാട്ടിൽ അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണത്തിനു പിന്നാലെ തൊഴിലാളികളെ നേരിൽക്കണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആശയവിനിമയം നടത്തി. തിരുനൽവേലി ലാറ്റക്സ് യൂണിറ്റിലെ തൊഴിലാളികളെയാണ് സ്റ്റാലിൻ കണ്ടത്. മികച്ച തൊഴിൽ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് തൊഴിലാളികൾ മുഖ്യമന്ത്രിയോടു പറഞ്ഞു.
അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന തരത്തിൽ വ്യാജവീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെ ഒട്ടേറെപ്പേർ ജന്മനാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഹാറിലുൾപ്പെടെ ഏതാനും പേർ അറസ്റ്റിലായി. അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബിഹാർ സർക്കാർ അയച്ച നാലംഗസംഘം തമിഴ്നാട് സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.
അതിഥിത്തൊഴിലാളികളെ നേരിൽക്കണ്ട് മുഖ്യമന്ത്രി സ്റ്റാലിൻ
01:18 AM Mar 08, 2023 | Deepika.com