കർണാടകയിൽ ബിജെപി മന്ത്രിയും ജെഡിഎസ് എംഎൽഎയും കോൺഗ്രസിലേക്ക്

02:29 PM Mar 07, 2023 | Deepika.com
ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ നേതാക്കൾക്ക് കൂടുമാറ്റക്കാലം. ബിജെപി നേതാവും യുവജന-കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ, ജെഡിഎസ് എംഎൽഎ കെ.എം. ശിവലിംഗ ഗൗഡ എന്നിവർ കോണ്‍ഗ്രസിൽ ചേരാനുള്ള ഒരുക്കത്തിലാണ്.

ഇതിൽ നാരായണ ഗൗഡ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നു കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കൂടുമാറാൻ സാധ്യതയുണ്ടെന്നും അറിയുന്നു.

അതേസമയം, ഇവരുടെ വരവിൽ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 2019ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് -കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിക്കാന്‍ ബിജെപി ചാക്കിട്ടുപിടിച്ചവരില്‍ പ്രമുഖനാണ് നാരായണ ഗൗഡ. പ്രത്യുപകാരമായി ഗൗഡയെ മന്ത്രിയുമാക്കി.

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം തട്ടകമായ മണ്ഡ്യയില്‍ താമര ചിഹ്നത്തില്‍ സീറ്റില്ലെന്നുറപ്പായതോടെയാണ് പുതിയ താവളം തേടുന്നത്.

ഈ മാസം 12നു ബംഗളുരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ദേശീപാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മണ്ഡ്യയിലെത്തുമ്പോള്‍ ഗൗഡ വേദിയിലെത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

കോൺഗ്രസിൽ ചേരാൻ താൽപര്യം കാണിച്ച ജെഡിഎസിന്‍റെ കെ.എം. ശിവലിംഗ ഗൗഡ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവാണ്.