അഗര്‍ത്തല: മേഘാലയയിലെയും നാഗാലാന്‍ഡിലെയും മന്ത്രിസഭ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ത്രിപുരയില്‍ സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ബിജെപിയുടെ മണിക് സാഹ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ മൂന്ന് ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് സൂചന.
നാഗാലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടര്‍ച്ചയായി അഞ്ചാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും.
തെരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി) -ബിജെപി സഖ്യം 60 അംഗ നിയമസഭയില്‍ 37 സീറ്റുകള്‍ നേടിയിരുന്നു.
മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 60 അംഗ നിയമസഭയില്‍ സാംഗ്മയ്ക്ക് 45 പേരുടെ പിന്തുണയുണ്ട്. മേഘാലയയില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ വരെ ഉണ്ടായേക്കാം.
26 അംഗങ്ങളുള്ള എന്‍പിപിക്ക് മുഖ്യമന്ത്രിപദമടക്കം എട്ടു മന്ത്രിസ്ഥാനം ലഭിക്കും. യുഡിപിക്ക് രണ്ടും ബിജെപി, എച്ച്സ്പിഡിപി പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും.
ത്രിപുരയില്‍ ബിജെപി നേതാവ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് വ്യക്തമായി. തിങ്കളാഴ്ച അഗര്‍ത്തലയില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ ബിജെപി 32 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ഒരു സീറ്റ് നേടി.
മേഘാലയിലും നാഗാലാന്‍ഡിലും മന്ത്രിസഭ ചൊവ്വാഴ്ച; ത്രിപുരയില്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും
11:19 AM Mar 07, 2023 | Deepika.com