കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കുന്നു

11:49 AM Mar 06, 2023 | Deepika.com
കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ ജില്ലയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കിയിട്ടുണ്ട്.

കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒപി ബഹിഷ്കരണം. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു.

അതേസമയം ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പോലീസ് കേസ് എടുക്കുകയും ഇതില്‍ രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.