മുംബൈ: ഡബ്ല്യുപിഎൽ ട്വന്റി-20 മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 60 റണ്‍സ് ജയം. ഷഫാലി വർമ്മയുടെയും മെഗ് ലാനിംഗിന്റെയും അർധ സെഞ്ചുറി കരുത്തിലാണ് ഡൽഹി ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനു 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ഡൽഹിക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ മെഗ് ലാനിംഗും ഷഫാലി വർമ്മയും ഒരുക്കിയത്. 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. 43 പന്തിൽ 14 ഫോറുകളുടെ അകന്പടിയോടെ ലാനിംഗ് 72 റണ്‍സെടുത്തു. ഷഫാലി 45 പന്തിൽ നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു.
മരിസാനെ ക്യാപ് 17 പന്തിൽ 39 റണ്‍സും ജെമിമ റോഡ്രിഗസ് 15 പന്തിൽ 22 റണ്‍സും നേടി പുറത്താകാതെ നിന്നു. ഹെതർ നൈറ്റ് ആണ് ബംഗളൂരുവിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണറുമാരായ സ്മൃതി മന്ദാനയും ( 23 പന്തിൽ 35) സോഫി ഡിവൈനും (11 പന്തിൽ 14) ചേർന്ന് ഒരുക്കിയത്. എലിസ് പെറി 31 റണ്‍സും ഹെതർ നൈറ്റ് 34 റണ്‍സുമെടുത്തു. മേഗൻ ഷുട്ട് 30 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
ഡൽഹിക്കായി നാല് ഓവറിൽ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്ത താര നോറിസാണ് ബംഗളൂരുവിനെ തകർത്തത്. ആലീസ് കാപ്സി രണ്ട് വിക്കറ്റും ശിഖ പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി.
സബാഷ്..വർമ്മ; ബംഗളൂരുവിനെ വീഴ്ത്തി ഡൽഹിക്ക് മിന്നും ജയം
07:41 PM Mar 05, 2023 | Deepika.com