വാഷിംഗ്ടൺ: മദ്യം സൂക്ഷിക്കാനുപയോഗിക്കുന്ന ബാരലിൽ(വീപ്പ) നിന്ന് വിസ്കി ഫംഗസ് പടരുന്നത് ചൂണ്ടിക്കാട്ടി സംഭരണശാല നിർമിക്കുന്നത് നിർത്തിവയ്ക്കാൻ ഉത്തരവിട്ട് അമേരിക്കൻ കോടതി. ടെന്നസീ സംസ്ഥാനത്തെ ലിങ്കൺ കൗണ്ടിയിലാണ് സംഭവം.
വിസ്കി സൂക്ഷിക്കുന്ന വീപ്പകളുടെ സാന്നിധ്യത്തിൽ വളരുന്ന ഫംഗസ് മൂലം തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.
യുവതിയുടെ വാദം അംഗീകരിച്ച കോടതി, ജാക്ക് ഡാനിയേൽസ് കമ്പനി പ്രദേശത്ത് നിർമിക്കാനുദ്ദേശിച്ച ബാരൽഹൗസിന്(സംഭരണശാല) അനുമതി നിഷേധിച്ചു. നിലവിൽ കമ്പനിക്ക് മേഖലയിൽ ആറ് ബാരൽഹൗസുകളുണ്ട്.
വീപ്പകളിൽ നിന്ന് ബാഷ്പീകരണം മൂലം പുറത്തുവരുന്ന വിസ്കി കണികകൾ വലിച്ചെടുക്കാൻ എത്തുന്ന ഫംഗസ് പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. എയ്ഞ്ചൽസ് ഷെയർ എന്ന ഈ ബാഷ്പീകൃത ലഹരി ഇവയുടെ സാന്നിധ്യം വർധിപ്പിക്കും.
കറുത്ത പാട പോലെ പ്രദേശമാകെ വ്യാപിക്കുന്ന വിസ്കി ഫംഗസ് വീടുകൾക്കും കാറുകൾക്കും ദോഷകരമാണ്. ഇവ മൂലം മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിസ്കി വീപ്പയിൽ നിന്ന് ഫംഗസ് പടരുന്നു; മദ്യസംഭരണശാല വിലക്കി ടെന്നസീ
07:16 PM Mar 05, 2023 | Deepika.com