കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മരട്, കുമ്പളം ഭാഗത്തും കനത്ത പുക മൂടിയിരിക്കുകയാണ്.
നഗരത്തിലെ വായുമലിനീകരണ തോതും ഉയർന്നു. പിഎം 2.5 വായുമലിനീകരണതോത് 105 മൈക്രോഗ്രാമായി ഉയർന്നു. തീപിടിത്തത്തിന് തലേന്നുവരെ ഉണ്ടായിരുന്നത് 66 മൈക്രോഗ്രാം മാത്രമായിരുന്നു. പിഎം 10 മലിനീകരണതോതിലും വൻവർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയത് 148.41 മൈക്രോഗ്രാം. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്.
മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീ പടർന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് കൊച്ചി കമ്മിഷണർ അറിയിച്ചു. അന്വേഷണം ആദ്യഘട്ടത്തിലാണ്. അട്ടിമറിസാധ്യത ഉൾപ്പെടെ പരിശോധിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
ബ്രഹ്മപുരത്തെ പുക നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാല്‍ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കളക്ടർ ഡോ. രേണു രാജ് അഭ്യർഥിച്ചു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. കടകളും സ്ഥാപനങ്ങളും അടച്ചിട്ട് സഹകരിക്കണം.
ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് നിർദേശങ്ങളെന്നും കളക്ടർ പറഞ്ഞു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അഗ്നിരക്ഷാ സേനയുടെ അടക്കം 27ഓളം ഫയര്‍ എന്ജിന് വാഹനങ്ങള്‍ തുടര്‍ച്ചയായും, നേവിയുടെ ഹെലികോപ്റ്ററും പരിശ്രമിച്ചിട്ടും നാലാം ദിനവും ബ്ര ഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ അണഞ്ഞിട്ടില്ല.
തീ ആളിക്കത്തുന്ന സാഹചര്യം ഒഴിവാക്കാനായെങ്കിലും ഏക്കറുകളോളം പരന്നു കിടക്കുന്ന സംസ്കരണ കേന്ദ്രത്തിന്റെ വിവിധയിടങ്ങളില്‍ മാലിന്യകൂമ്പാര ത്തിന്റെ അടിയില്‍ നിന്നും ഇപ്പോഴും തീ ഉയരുകയാണ്.
ആറു സെക്ടറുകളായി തിരിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഇതില്‍ നാലു മേഖലകളിലെ തീ അണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളില്‍ നേവി, കൊച്ചിന് റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്.
ഉച്ചകഴിയുന്നതോടെ കാറ്റിനു ശക്തി കൂടുന്നതാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിസന്ധി. ഇതുമൂലമാണ് കൊച്ചി നഗരത്തിലടക്കം വലിയ തോതില്‍ പുക രൂപപ്പെടുന്നതും. ഇന്ന് വൈകിട്ടോടെ നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നഗരത്തിൽ വിഷപ്പുക പടരുന്നു; കൊച്ചിയുടെയുള്ളിൽ തീ
08:48 AM Mar 05, 2023 | Deepika.com