റിയാദ്: ബംഗളൂരു എഫ്സിയിൽ നിന്നേറ്റ വെള്ളിടിയിൽ വിഷണ്ണരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സന്തോഷ് ട്രോഫി ഫൈനൽ വേദിയിൽ പിന്തുണ അർപ്പിച്ച് മലയാളി ഫുട്ബോൾ പ്രേമികൾ.
ഇന്ത്യൻ സൂപ്പർ ലീഗിലെ ക്വിക് ഫ്രീകിക്ക് തർക്കത്തിൽ മുറിവേറ്റ മലയാളി ഫുട്ബോൾ ആരാധകരുടെ നെഞ്ചിൽ നീറ്റൽ വർധിപ്പിച്ച് കർണാടക കിരീടം നേടിയെങ്കിലും കൊമ്പന്മാർക്കുള്ള പിന്തുണയ്ക്ക് ഇടിവ് തട്ടിയില്ല.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കേരളം ഫൈനലിൽ എത്തുമെന്ന് കരുതി പ്രവാസലോകത്തേക്ക് കൂടുമാറ്റിയ ഫൈനൽ പോരാട്ടത്തിന് ഒഴിഞ്ഞ ഗാലറിയാണ് സാക്ഷി വഹിച്ചത്. മത്സരം കാണാനായി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരൂന്നു.
ചെണ്ടയും കുഴൽവിളികളുമായിയാണ് എത്തിയ മലയാളികൾ, ബ്ലാസ്റ്റേഴ്സിന് പിന്തുണ അർപ്പിക്കുന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി. സൗദി, ഇന്ത്യൻ ദേശീയ പതാകകളുമേന്തി മത്സരത്തിലുടനീളം ഇവർ ആവേശം ചൊരിഞ്ഞു. മത്സരത്തിന്റെ ഇടവേളകളിൽ കാമറക്കണ്ണുകൾക്ക് പ്രിയപ്പെട്ട കാഴ്ച മഞ്ഞജേഴ്സി അണിഞ്ഞെത്തിയ ഈ ആരാധകക്കൂട്ടമായിരുന്നു.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കർണാടക 3-2 എന്ന സ്കോറിനാണ് മേഘാലയയെ വീഴ്ത്തിയത്.
സന്തോഷ് ട്രോഫി വേദിയിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ആരാധകർ
11:52 PM Mar 04, 2023 | Deepika.com