തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിനു വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
ലൈഫ്മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സിബിഐയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ അദ്ദേഹം ഇതുവരെ പറഞ്ഞ പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ: ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ
06:05 PM Mar 03, 2023 | Deepika.com