തിരുവനന്തപുരം: ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗമാണ് ഒഴിവാക്കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലയ്ക്കാണ് നടപടി.
കഴിഞ്ഞ ദിവസം ലൈഫ് മിഷനില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് രേഖകളില്‍ നിന്ന് നീക്കിയത്. കുഴല്നാടന് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നത് രേഖകളില്‍നിന്ന് മാറ്റി. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശവും നീക്കി.
കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഇത് സഭാ രേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് സ്പീക്കറുടെ നടപടി.
എന്നാല്‍ നേരത്തെ സോളാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടതിയുടെ പരിഗണനയിലുള്ള പല കാര്യങ്ങളും നേരത്തെ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന കാര്യം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സഭയില്‍ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്റെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കി
03:56 PM Mar 03, 2023 | Deepika.com