മന്ത്രി നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നില്ല; ആന്‍റണി രാജുവിനെതിരെ സിഐടിയു

02:51 PM Feb 28, 2023 | Deepika.com
തിരുവനന്തപുരം: ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ക്ക് മന്ത്രി നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആനത്തലവട്ടം പറഞ്ഞു.

കെഎസ്ആര്‍ടിസിലെ ശമ്പള പ്രതിസന്ധിക്കും തൊഴിലാളി വിരുദ്ധ പരിഷ്‌കരണത്തിനുമെതിരെ ചീഫ് ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്യൂറോക്രാറ്റുകള്‍ മാത്രമാണ് പണ്ഡിതരെന്നും തൊഴിലാളികള്‍, നല്‍കുന്നത് എന്തെങ്കിലും വാങ്ങിക്കൊണ്ടുപോയാല്‍ മതിയെന്നുമുള്ള മാനേജ്‌മെന്‍റ് നിലപാട് ഉപേക്ഷിക്കണം.

തൊഴിലാളികളുമായി ചര്‍ച്ച നടത്തണം. ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ചാല്‍ വരുമാനമുള്ള റൂട്ടിലെ വണ്ടി ഓടിക്കാന്‍ ആളുണ്ടാകൂ. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന കണക്ക് പുറത്ത് വിടണം. പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാര്‍ക്ക് സ്വിഫ്റ്റില്‍ നിയമനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

എല്ലാം ശരിയാകുമെന്ന വാഗ്ദാനം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നെന്നും ആനത്തലവട്ടം വിമര്‍ശിച്ചു.