ഇന്നും സഭ പ്രക്ഷുബ്ധം; ലൈഫിൽ മുഖ്യമന്ത്രിയും കുഴൽനാടനും നേർക്കുനേർ, വെല്ലുവിളിയും

02:53 PM Feb 28, 2023 | Deepika.com
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധം. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിലാണ് ഭരണ-പ്രതിപക്ഷ വാക്പോര് ഉണ്ടായത്.

ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ട്. ശിവശങ്കർ, സ്വപ്ന, കോൺസൽ ജനറൽ എന്നിവരാണ് ക്ലിഫ് ഹൗസിലെ യോഗത്തിൽ പങ്കെടുത്തതെന്ന് നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ പറഞ്ഞു.

ഇതിനു പിന്നാലെ സഭയിൽ മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിൽ വാക്പോരുണ്ടായി. മാത്യുവിന്‍റേത് പച്ചക്കള്ളമെന്നും സ്വപ്നയെ താൻ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ താൻ പറഞ്ഞത് കള്ളം ആണെങ്കിൽ മുഖ്യമന്ത്രി കോടതിയെ സമീപിക്കണം എന്ന് കുഴൽനാടൻ പറഞ്ഞു.

മാത്യു ഇഡിയുടെ വക്കീൽ ആയി സഭയിൽ എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. എന്നാൽ താൻ എഴുതി തയാറാക്കിയ തിരക്കഥയല്ലിതെന്നും കോടതിയിൽ ചലഞ്ച് ചെയ്യാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും കുഴൽനാടൻ പറഞ്ഞു.

ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ഉപദേശം ആവശ്യമുണ്ടെങ്കിൽ കുഴൽനാടന് തന്നെ സമീപിക്കാം. ഇദ്ദേഹത്തെപ്പോലുള്ള ആളുകളുടെ ഉപദേശം തനിക്ക് ഇപ്പോൾ ആവശ്യമില്ലെന്നും മറുപടി നൽകി.

ഇതിനിടെ, മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് നിയമമന്ത്രി പി. രാജീവ് രംഗത്തെത്തി. സ്വപ്നയുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ സാക്ഷ്യപ്പെടുത്തി മേശപ്പുറത്ത് വയ്ക്കണമെന്ന് കുഴൽനാടനോട് മന്ത്രി ആവശ്യപ്പെട്ടു. വെല്ലുവിളി ഏറ്റെടുത്ത കുഴൽനാടൻ റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാമെന്ന് പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി രംഗത്തെത്തി.

പിന്നാലെ സഭ താൽക്കാലികമായി നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.