ആലപ്പുഴ: ലഹരിക്കടത്തുകേസില്‍ ആരോപണവിധേയനായ സിപിഎം കൗണ്‍സിലര്‍ എ.ഷാനവാസിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ എസ്ഐക്ക് സസ്പെന്ഷന്. ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ജേക്കബ് ജോസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഇന്റലിജന്‍സ് എഡിജിപിയാണ് അന്വേഷണം നടത്തിയത്. കേസില്‍ പിടിക്കപ്പെട്ട ഇജാസ് ഷാനവാസിന്റെ ബിനാമി ആണെന്നായിരുന്നു സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഷാനവാസിന് ലഹരിമാഫിയയുമായും ക്വട്ടേഷന്‍ സംഘവുമായും ബന്ധമുണ്ടെന്നും അനധികൃത സാമ്പത്തിക ഇടപാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിപക്ഷം ഇത് നിയമസഭയിലുള്‍പ്പെടെ ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.
ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍നിന്നാണ് കരിനാഗപ്പള്ളിയില് ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ വാഹനം താന്‍ വാടകയ്ക്ക് നല്‍കിയതാണെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം.
സിപിഎം നേതാവിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ച്ച; എസ്ഐക്ക് സസ്പെന്ഷന്
10:51 AM Feb 22, 2023 | Deepika.com