നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി

12:51 PM Feb 16, 2023 | Deepika.com
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി ഹൈക്കോടതിയില്‍. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ടാണ് വിചാരണക്കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിചാരണ അനന്തമായി നീളുന്നതിനാല്‍ താന്‍ ദീര്‍ഘനാളായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വിചാരണ എപ്പോള്‍ അവസാനിക്കുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

രണ്ടാംഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ആറ് മാസം കൂടി സാവകാശം വേണമെന്നാണ് വിചാരണകോടതി ജഡ്ജി മറുപടി നല്‍കിയത്.
സമയം നീട്ടിചോദിച്ച് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിചാരണക്കോടതി വ്യക്തമാക്കി.

അതിജീവിത പള്‍സര്‍ സുനിക്കെതിരെ നല്‍കിയിരിക്കുന്ന മൊഴിയുടെ വിശദാംശങ്ങള്‍ അറിയിക്കാനും ഹൈക്കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു.

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഈ മാസം 27ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.