ആർക്കും സംശയമില്ലല്ലോ..! ബിബിസി ഓഫീസുകളിൽ ആദായനികുതി റെയ്ഡ്

01:03 PM Feb 14, 2023 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററി വിവാദങ്ങൾക്കിടെ ബിബിസി ഓഫീസിൽ ആദായനികുതി റെയ്ഡ്. ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പരിശോധന തുടങ്ങിയത്. ജീവനക്കാരുടെ ഫോണുകളും ഓഫീസിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.

മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

"മോദി: ദി ഇന്ത്യ ക്വസ്റ്റിയൻ' എന്ന ബിബിസി ഡോക്യുമെന്‍ററി രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ളതായിരുന്നു. രണ്ടാം ഭാഗത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്.