പശുവിനെ കെട്ടിപ്പിടിച്ചാൽ ബിപി നിയന്ത്രിക്കാം, രോഗങ്ങളെ അകറ്റാം: ബിജെപി മന്ത്രി

04:46 PM Feb 09, 2023 | Deepika.com
ലക്നോ: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിംഗ്. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി നിയന്ത്രിക്കുമെന്നും രോഗങ്ങളെ അകറ്റുമെന്നുമാണ് ധരംപാൽ സിംഗിന്‍റെ അവകാശവാദം.

"ലോകമെമ്പാടും ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നു. ഞാൻ ഈ ഉത്തരവിനെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പശു "രാഷ്ട്രമാതാവും' നമ്മുടെ ഭാഗ്യവുമാണ്. പശുവിനെ തൊടുന്നതിലൂടെ ബിപി നിയന്ത്രിക്കുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യാം'- ധരംപാൽ സിംഗ് പറഞ്ഞു.

ഫെബ്രുവരി 14 "കൗ ഹഗ് ഡേ' നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം ഈ നിർദേശം ഇപ്പോൾ ട്രോളായി മാറിയിരിക്കുകയാണ്.

പശു ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ട ഒന്നാണ് പശു. കാമധേനു, ഗോമാത എന്നൊക്കെയാണ് നാം വിളിക്കുന്നത്. ഇതിനാലാണ് പ്രണയദിനത്തിൽ "കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ബോർഡ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

പശുവിന്‍റെ പ്രാധാന്യം മനസിലാക്കി നല്ലകാര്യങ്ങൾ പ്രചരിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോർഡ് വ്യക്തമാക്കുന്നത്.