തുടക്കം തകർച്ചയോടെ; ഓസീസ് ഓപ്പണർമാരെ വീഴ്ത്തി ഷമിയും സിറാജും

01:57 PM Feb 09, 2023 | Deepika.com
നാഗ്പുർ: ബോര്‍ഡർ-ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ഓസീസിനെ ഞെട്ടിച്ചു.

ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. രണ്ടുപേര്‍ക്കും നേടാനായത് ഒരു റണ്‍ വീതമാണ്. ഖവാജയെ മുഹമ്മദ് സിറാജ് എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു. വാർണറെ മുഹമ്മദ് ഷമി ബൗൾഡാക്കി.

ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ ബാറ്റർ എസ്. ഭരത് എന്നിവർ അരങ്ങേറ്റം കുറിച്ചു. രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. പാറ്റ് കമ്മിൻസാണ് ഓസീസ് നായകൻ. ഓസ്ട്രേലിയക്കായി സ്പിന്നർ ടോഡ് മർഫിയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ ഇന്ത്യക്ക് ഈ പരന്പര ചുരുങ്ങിയത് 3-1നെങ്കിലും സ്വന്തമാക്കണം. അല്ലാത്ത പക്ഷം മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രവേശം സാധ്യമാകുക.

നിലവിൽ ഓസ്ട്രേലിയയും ഇന്ത്യയുമാണ് പോയിന്‍റ് ടേബിളിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.