ഒന്നും കുറച്ചില്ല..! നികുതി വർധന ന്യായീകരിച്ച് ധനമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

05:59 PM Feb 08, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിലൊന്നും ഇളവില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ധന സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ട് എന്ന നിലയിലാണ്. വലിയ നികുതി ഭാരമൊന്നും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും ബജറ്റ് ചർച്ചയിൽ മറുപടി പറയവെ ധനമന്ത്രി വ്യക്തമാക്കി.

ഒറ്റപ്പെട്ട കാര്യങ്ങള്‍ മാത്രം കണ്ട് പ്രതിപക്ഷം വിമര്‍ശിക്കുന്നത് ദുഃഖകരമാണ്. സാധാരണ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന് അഹങ്കാരമില്ല. ജനങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യം സര്‍ക്കാരിനുണ്ട്. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ് കേന്ദ്രനയം, അത് സംരക്ഷിക്കുകയാണ് കേരളം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാരിന് ലക്ഷ്യബോധമുണ്ട്. കേരളം പെന്‍ഷന്‍ കൊടുക്കുന്നത് 60 ലക്ഷത്തിലധികം പേര്‍ക്കാണ്.

ഒരു കാറ് വാങ്ങുന്നതോ വിദേശത്തേയ്ക്ക് പോകുന്നതോ ചെലവ് ചുരുക്കല്‍ വിഷയമല്ലെന്ന് മന്ത്രി പറഞ്ഞു. നിപയും കോവിഡും പ്രളയവുമാണ് വരുമാനം കുറയാന്‍ കാരണം. എന്നാല്‍ സംസ്ഥാനത്തിന്‍റെ പൊതുകടം ഒന്നരശതമാനം കുറഞ്ഞു. ഈ വര്‍ഷം ജിഎസ്ടി 25 ശതമാനം കൂടിയെന്നും മന്ത്രി പറഞ്ഞു.

ഇന്ധനസെസിന്‍റെ പേരിൽ പ്രതിപക്ഷം സമരം ചെയ്യാൻ പോയാല്‍ മറ്റ് വിഷയങ്ങള്‍ ആര് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.