തുർക്കി ഭൂകമ്പം: മരണസംഖ്യ 9,500 ആയി

03:13 PM Feb 08, 2023 | Deepika.com
അങ്കാറ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകന്പത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 9,500 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഭൂചലനം രാജ്യത്തെ 85 ദശലക്ഷം ജനങ്ങളിൽ 13 ദശലക്ഷം ആളുകളെയും ബാധിച്ചതായി തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പറഞ്ഞു.

തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവർത്തകരാണ് ഭൂകന്പം നാശം വിതച്ച മേഖലകളിൽ ജീവന്‍റെ തുടിപ്പുകൾ തേടുന്നത്. കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടർഭൂചലനങ്ങളും രക്ഷാദൗത്യം ഏറെ ദുഷ്കരമാക്കിയിരിക്കുകയാണ്. വൻ ഭൂകന്പത്തെത്തുടർന്ന് അമ്പതോളം തുടർചലനങ്ങളാണുണ്ടായത്.