"അ​ദാ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ധേ​യ​ൻ'; ബി​ജെ​പി​ക്ക് എ​ത്ര കി​ട്ടി​യെ​ന്ന ചോ​ദ്യ​വു​മാ​യി രാ​ഹു​ൽ

07:11 PM Feb 07, 2023 | Deepika.com
ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ എട്ട് വർഷത്തെ അദാനിയുടെ ഉയർച്ചയെ ചോദ്യം ചെയ്ത രാഹുൽ, വ്യവസായിയുമായുള്ള മോദിയുടെ ബന്ധം എന്താണെന്നും ചോദിച്ചു.

അദാനിക്ക് നരേന്ദ്ര മോദിയുമായി വർഷങ്ങളുടെ ബന്ധമാണുള്ളത്. മോദി ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി മാറ്റി. അദാനിയുടെ ബിസിനസ് വളരാൻ രാജ്യത്തിന്‍റെ നിയമങ്ങൾ വളച്ചൊടിച്ചു. ശതകോടീശ്വരന് നേട്ടമുണ്ടാക്കാൻ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുകയാണെന്നും രാഹുൽ വിമർശിച്ചു.

അദാനിയും മോദിയുമായുള്ള ചിത്രം ലോക്സഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമർശനം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോളാണ് അദാനിയുടെ വികസനത്തിന് കളമൊരുക്കിയത്. 2014ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് കൂടി. കഴിഞ്ഞ 20 വർഷത്തിനിടെ അദാനി ബിജെപിക്ക് നൽകിയത് എത്രയാണെന്ന് അറിയാമോ?

മോദിയും അദാനിയും നിരവധിതവണ വിദേശയാത്ര നടത്തി. മോദി വിദേശ സന്ദർശനം നടത്തുമ്പോൾ എല്ലാം അദാനിയും കൂടെ കാണും. എത്ര കരാറുകൾ ഇങ്ങനെ നേടിയെടുത്തിട്ടുണ്ടാകും.

രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്നാണ് അദാനിക്ക് നൽകിയത്. ആറ് വിമാനത്താവളങ്ങളാണ് ഇപ്പോൾ അദാനിയുടെ നിയന്ത്രണത്തിലായുള്ളത്. വ്യോമയാന രംഗത്ത് പരിചയമുള്ള ഒരു കമ്പനിക്ക്/വ്യക്തിക്ക് മാത്രമേ വിമാനത്താവള നടത്തിപ്പ് നൽകാനാവൂ എന്ന നിലവിലെ ചട്ടം മറികടന്നാണ് അദാനിക്ക് നൽകിയത്.

കേരളം, തമിഴ്നാട് മുതൽ ഹിമാചൽപ്രദേശ് വരെ എല്ലായിടത്തും അദാനി എന്ന പേര് മാത്രമാണ് ഇപ്പോൾ കേൾക്കുന്നതെന്നും രാഹുൽ വിമർശിച്ചു.