ഇനി ജസ്റ്റീസ് വിക്ടോറിയ; കൊളീജിയം തീരുമാനം ശരിവച്ച് സുപ്രീം കോടതി

02:26 PM Feb 07, 2023 | Deepika.com
ന്യൂഡൽഹി: എൽ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയോഗിച്ച കൊളീജിയം നിയമനത്തിന് എതിരേയുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്നും നിയമനം പുനപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാഷ്ട്രീയ ചായ്‌വുള്ളവരെ നേരത്തേയും ജഡ്ജിമാരായി നിയമിച്ചുണ്ട്. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടേയിരിക്കും. അഡീഷണൽ ജഡ്ജിയാകുന്ന വ്യക്തി ജുഡീഷൽ ചട്ടങ്ങൾ ലംഘിച്ചാൽ നിയമനം സ്ഥിരമാക്കാതിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിനിടെ അഡീഷണൽ ജഡ‍്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 10.30ന് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുന്പാകെ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച വിക്ടോറിയ ഗൗരിയുടെ ബിജെപി ബന്ധം പുറത്തായതാണ് വിവാദങ്ങൾക്കു കാരണം. മുസ്ലിം, ക്രൈസ്തവ വിഭാഗക്കാർക്കെതിരേ വിക്ടോറിയ ഗൗരി വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി അഭിഭാഷകർ കൊളീജിയം നിയമനത്തിനെതിരേ ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.