ശ്മശാന ഭൂമിയായി തുർക്കിയും സിറിയയും; മരണസംഖ്യ അയ്യായിരത്തിലേക്ക്

11:20 AM Feb 07, 2023 | Deepika.com
അസ്മാരിൻ(സിറിയ): തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 ആയി ഉയർന്നു. മരണസംഖ്യ അയ്യായിരം കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരവധിപേർ ഇപ്പോഴും കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുക‍യാണ്. യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

അതേസമയം, ദുരന്ത മേഖലകളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. നൂറിലധികം കെട്ടിടങ്ങളാണ് ഭൂചലനത്തിൽ നിലംപൊത്തിയത്.

തിങ്കളാഴ്ച വെളുപ്പിനായിരുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം നാശം വിതച്ചത്. തുർക്കിയിലെ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെ വീണ്ടും വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് എകിനോസു പട്ടണത്തിനു സമീപമുണ്ടായത്.

മരണം ഏറെയും സംഭവിച്ചതു തുർക്കിയിലാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഭൂചലനം. തുർക്കിയിലെ ഇസ്കന്ദെരനിൽ ഒരു ആശുപത്രി ഭൂചലനത്തിൽ തകർന്നു. ആശുപത്രിയിലുണ്ടായിരുന്ന നവജാതശിശുക്കളെയും രോഗികളെയും സിറിയയിലേക്കു മാറ്റി. ഭൂചലനം നാശം വിതച്ച മേഖലയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.