ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

05:04 PM Feb 06, 2023 | Deepika.com
ബംഗളൂരു: തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ. തുമകുരുവിൽ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല മോദി രാജ്യത്തിന് സമർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2016ലാണ് തുമകുരുവിൽ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വർഷം 100 ഹെലികോപ്റ്ററുകൾ വരെ നിർമിക്കാൻ കഴിയുന്ന തരത്തിൽ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

615 ഏക്കറിൽ പരന്നുകിടക്കുന്നതാണ് ഹെലികോപ്റ്റർ നിർമാണ സമുച്ചയം. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ കീഴിലുള്ള ഈ ഫാക്ടറിയിൽ നിർമിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പറക്കലിന് തയാറായിക്കഴിഞ്ഞു.

ചെറുഹെലികോപ്റ്ററുകളുടെ നിർമാണവും സർവീസ്, റിപ്പയർ അടക്കമുള്ള സൗകര്യങ്ങളും ഭാവിയിൽ ഈ ഫാക്ടറിയിൽ ഒരുക്കും. തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും മോദി തറക്കല്ലിട്ടു. തുമുകുരുവിലെ തിപ്‍തൂരിലും ചിക്കനായകഹള്ളിയിലും ജൽജീവൻ മിഷന്‍റെ കീഴിൽ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.