സ്വർണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്ഐ- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

04:21 PM Feb 06, 2023 | Deepika.com
പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിന് മുന്നില്‍ സംഘര്‍ഷം. ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകരാണ് തമ്മിൽ ഏറ്റുമുട്ടിയത്. ബാങ്ക് പണയ ഉരുപ്പടിയിൽ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് ആരോപിച്ച് ബിജെപി നടത്തിയ സമരത്തിനിടെയായിരുന്നു സംഘർഷം.

ബിജെപി സമരത്തെ എതിർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത് എത്തുകയായിരുന്നു. പിന്നാലെ സംഘർഷമുണ്ടായി. കമ്പും കസേരയുമായി ആ‍യിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്.

സിപിഎം മുന്‍ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്‍റെ മകൻ അർജുനാണ് സ്വര്‍ണം തിരിമറി നടത്തിയ കേസില്‍ കുറ്റാരോപിതൻ. സിപിഎമ്മിന്‍റെ ശിപാര്‍ശയിലാണ് ഇയാൾ സഹകരണ ബാങ്കില്‍ ജോലിക്ക് കയറിയതെന്നും ബിജെപി ആരോപിക്കുന്നു.

പാര്‍ട്ടിയുമായുള്ള ഈ അടുപ്പം തന്നെയാണ് കുറ്റം ചെയ്തിട്ടും അര്‍ജുനെ നിയമപരമായ നടപടികളില്‍ നിന്ന് രക്ഷിക്കുന്നത്. എഴുപത് പവന്‍ സ്വര്‍ണമാണ് ഇയാള്‍ കൈമാറ്റം ചെയ്തത്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി സംഭവം പോലീസിനെ അറിയിക്കാതെ മറച്ചുവച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.