അന്വേഷണത്തെ ഭയക്കുന്നത് എന്തിന്..? സൈബിയോട് ഹൈക്കോടതി, അറസ്റ്റ് തടയില്ല

12:32 PM Feb 06, 2023 | Deepika.com
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി അഡ്വ. സൈബി ജോസ് കിടങ്ങൂരിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ സൈബിയുടെ അറസ്റ്റിനു തടസങ്ങളില്ല. ജുഡീഷൽ സംവിധാനത്തെ ബാധിക്കുന്ന കേസാണിതെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

അന്വേഷണം മുന്നോട്ടു പോകട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് അറിയിച്ചു. അന്വേഷണത്തെ സൈബി എന്തിനു ഭയക്കുന്നുവെന്നാണ് ഹർജി പരിഗണിക്കവേ കോടതി ചോദിച്ചത്.

തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് അഡ്വ.സൈബി ഹർജിയിൽ ഉന്നയിച്ചിരുന്നത്.

പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തിയാണ് സൈബിക്കെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു.