ഹെൽത്ത് കാർഡ് ദോശ ചുടുന്നത് പോലെ കൊടുക്കുന്നു; സർക്കാർ പരാജ‍യമെന്ന് പ്രതിപക്ഷം

11:27 AM Feb 06, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് വിതരണം അട്ടിമറിക്കുന്നത് നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. അനൂപ് ജേക്കബാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. ഭക്ഷ്യസുരക്ഷ നിയമം കർശനമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

ജനറൽ ആശുപത്രിയിൽ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണെന്നും കാർഡുകളെല്ലാം നൂറു ശതമാനം കൃത്യമാണെന്ന് ആരോഗ്യമന്ത്രിക്ക് ഉറപ്പിച്ചു പറയാമോയെന്നും പ്രതിപക്ഷം ചോദിച്ചു.

വളരെ പ്രധാനപ്പെട്ട വിഷയത്തിൽ ആരോഗ്യമന്ത്രി ലാഘവ ബുദ്ധിയോടെ മറുപടി പറയുന്നത് നിർഭാഗ്യകരമാണ്. ഭക്ഷ്യ സുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് വീണതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്നതിനെക്കാൾ 10 ഇരട്ടി പരിശോധനകൾ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്നുവെന്ന് മന്ത്രി വീണാ ജോർജ് മറുപടിയായി പറഞ്ഞു. ഹെൽത്ത് കാർഡ് ഇല്ലാത്ത ആരെയും ഹോട്ടലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.