ജേക്കബ് തോമസിനെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

09:29 AM Feb 06, 2023 | Deepika.com
ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ ഇടപാടില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇടപാടിലെ വിജിലന്‍സ് കേസ് കേരളാ ഹൈക്കോടതി റദ്ദാക്കിയ നടപടിക്കെതിരെയാണ് അപ്പീല്‍.

നെതര്‍ലന്‍ഡ്സ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി ജേക്കബ് തോമസ് സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇടപാടിന് സര്‍ക്കാരിന്‍റെ അനുമതിയുണ്ടെന്ന് ഹൈക്കോടതിയുടെ കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ വാങ്ങിയതില്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുള്ള ജേക്കബ് തോമസിന്‍റെ വാദം ജസ്റ്റീസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ജേക്കബ് തോമസ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പേ അദ്ദേഹം കമ്പനിയുമായി ആശയവിനിമയം നടത്തിയെന്നുമുള്ള ആരോപണത്തില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

കേസിലെ വിജിലന്‍സിന്‍റെ കണ്ടെത്തലുകളും ഹൈക്കോടതി കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവുരിന്‍റെ പരാതിയിലാണ് ജേക്കബ് തോമസിനെതിരെ നേരത്തെ വിജിലന്‍സ് കേസെടുത്തത്.

മണല്‍ഖനനത്തിന് സത്യനെതിരെ താന്‍ നടപടിയെടുത്തതിന്‍റെ വൈരാഗ്യംനിമിത്തം ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതിയാണിതെന്ന് ജേക്കബ് തോമസ് കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയ്ക്ക് എതിരേ കേരളാ സര്‍ക്കാരും സത്യനുമാണ് ഹര്‍ജിക്കാര്‍.