മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഓരോ ഗോൾ വീതം നേടിയാണ് പിരിഞ്ഞത്.
23-ാം മിനിറ്റിൽ നിഖിൽ പൂജാരി നടത്തിയ ഫൗളിന് ലഭിച്ച പെനൽറ്റി കൃത്യമായി വലയിലെത്തിച്ച് ഹോർഹെ പെരേര ഡിയസ് ആതിഥേയർക്ക് ലീഡ് നൽകി. ഫൗളുകൾ തുടർക്കഥയായ മത്സരത്തിൽ ഡിയസ്, പൂജാരി എന്നിവരടക്കം നാല് താരങ്ങൾക്ക് ഇടവേള സമയത്തിന് മുൻപ് തന്നെ മഞ്ഞക്കാർഡുകൾ ലഭിച്ചു.
65-ാം മിനിറ്റിൽ മുഹമ്മദ് യാസിർ നൽകിയ പാസിൽ നിന്ന് ഹിതേഷ് ശർമ ഹൈദരാബാദിന്റെ സമനില ഗോൾ കണ്ടെത്തി. തുടർന്നും ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്നുനിന്നു.
17 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 36 പോയിന്റുള്ള ഹൈദരാബാദ് ലീഗിലെ രണ്ടാം സ്ഥാനം നിലനിർത്തി.
ഐഎസ്എൽ: വമ്പന്മാരുടെ പോരാട്ടം സമനിലയിൽ
08:39 PM Feb 04, 2023 | Deepika.com