ന്യൂഡൽഹി: സുപ്രീംകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതുനുപിന്നാലെ ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട് വിജ്ഞാപനം ഇറക്കി. ഇതോടെ അഞ്ച് ജഡ്ജിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജഡ്ജി അഹ്സനുദീൻ അമാനുള്ള, അലാഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്തത്. നിയമനം ഇത്രയും കാലം നീണ്ടുപോയതിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു.
ജഡ്ജിമാരുടെ നിയമനത്തിൽ ഞായറാഴ്ചക്കുള്ളിൽ തീരുമാനമാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്രം; സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിച്ചു
07:17 PM Feb 04, 2023 | Deepika.com