ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു

11:22 AM Feb 04, 2023 | Deepika.com
കോഴിക്കോട്: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സുഹൃത്ത് ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ട അസം സ്വദേശിയായ യുവാവ് മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിനില്‍നിന്ന് ഇയാളെ പുറത്തേക്ക് തള്ളിയിട്ട ആസാം മുറിഗാവ് മുറാമീനി അബ്ദുള്‍ ഹസന്‍റെ മകന്‍ മുഫാദൂറിനെ (26) പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നാണ് ആസാം സ്വദേശികള്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ തമ്മില്‍ മാഹി-വടകര റെയില്‍വേ സ്റ്റേഷന് ഇടയില്‍വച്ച് വാക്കേറ്റമുണ്ടായി. ഉന്തും തള്ളും നടന്നു.

തര്‍ക്കത്തിനിടെ മുഫാദൂര്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സുഹൃത്തിനെ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റയാൾ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.

മുക്കാലി-നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് ഇടയില്‍ കണ്ണൂക്കരയിലാണ് ട്രെയിനിൽനിന്നു വീണത്. ഇതോടെ കോച്ചിലെ യാത്രക്കാര്‍ മുഫാദൂറിനെ പിടികൂടി വടകര പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചോമ്പാല പോലീസും ആര്‍പിഎഫും സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. കസ്റ്റഡിയലുള്ള മുഫാദൂറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.