കോഴിക്കോട്: കളന്തോട് എംഇഎസ് കോളജിലെ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാരായ ആറുപേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനായി കോളജ് പരിസരത്തുണ്ടായിരുന്ന ഒരുവീട്ടിൽ പോയ സമയത്ത് വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടാകുന്നത്. പാർക്ക് ചെയ്ത ബൈക്കുകൾ അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കുറച്ചുപേർ വരികയും അതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു.
ശേഷം വിദ്യാർഥികളിലൊരാളെ സംഘം ആക്രമിച്ചെന്നും അത് ചോദ്യം ചെയ്യുന്നതിനിടയിൽ കൂടുതൽ പേർ സംഘം ചേർന്ന് വരികയും വടിവാളടക്കമുള്ളവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.
ഇതിൽ ഒരു വിദ്യാർഥിയുടെ കൈയ്ക്ക് വെട്ടേൽക്കുകയും പത്തോളം പേർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് നാട്ടുകാരായ ആറുപേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
കോളജ് വിദ്യാർഥികളെ ആക്രമിച്ച് സംഭവം; ആറ് പേർക്കെതിരെ വധശ്രമത്തിന് കേസ്
01:15 PM Feb 04, 2023 | Deepika.com