ബജറ്റിൽ കൂട്ടിയ നികുതിയിനങ്ങളുടെ വിശദാംശങ്ങള്‍

05:58 PM Feb 03, 2023 | Deepika.com
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ മൂന്നാമത്തെ ബജറ്റില്‍ അപ്രതീക്ഷിത നികുതി വര്‍ധനവാണുണ്ടായത്. പല പ്രഖ്യാപനങ്ങളുടെയും ശോഭ കെടുത്തിയത് കൂട്ടിയ ഈ നികുതിയിനങ്ങളാണ്. ഇന്ധന വില മുതല്‍ കോടതിവരെ ഉള്‍പ്പെടുന്നതാണ് ഈ നികുതി വര്‍ധന.

സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വര്‍ധിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ച് ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്മെന്‍റ് എന്നിവയ്ക്ക് മുദ്രവില അഞ്ച് ശതമാനത്തില്‍ നിന്നും ഏഴാക്കി പുതുക്കി നിശ്ചയിക്കും.

കെട്ടിട നികുതി, അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാര്‍ഹിക- ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും കൂട്ടും. ഗഹാനുകളും ഗഹാന ഒഴിവുകുറികളും ഫയല്‍ ചെയ്യുന്നതിന് 100 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ടുവരുമെന്നും ബാലഗോപാല്‍ നിയമ സഭയില്‍ പറഞ്ഞു.

മദ്യത്തിലും വര്‍ധനവ് ഉണ്ടായി. വിദേശ മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ സെസാണ് ഏര്‍പ്പെടുത്തിയത്. 500 മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലാണ് വര്‍ധന.

1000 മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപയാണ് സെസ്. ഇന്ധന വിലയിലും വര്‍ധനയുണ്ടായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ടുരൂപാ നിരക്കില്‍ സാമൂഹിക സെസ് ഏര്‍പ്പെടുത്തി.

മോട്ടോര്‍ വാഹന നികുതിയിലും വര്‍ധന. പുതിയതായി വാങ്ങുന്ന രണ്ടുലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടുശതമാനം വര്‍ധിപ്പിച്ചു. പുതിയതായി വാങ്ങുന്ന കാറുകളുടെയും പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നിരക്കിലും വര്‍ധനവുണ്ട്.

അഞ്ച് ലക്ഷംവരെ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനമാണ് വര്‍ധന. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷംവരെ വിലയുള്ളതിന് രണ്ട് ശതമാനമാണ് വര്‍ധന. 15 ലക്ഷം മുതല്‍ 20 ലക്ഷംവരെ ഒരു ശതമാനം വര്‍ധന. 20 ലക്ഷം മുതല്‍ 30 ലക്ഷംവരെ ഒരു ശതമാനം വര്‍ധന. 30 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനമാണ് വര്‍ധന.

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഒറ്റത്തവണ സെസും വര്‍ധിപ്പിക്കും. ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലെ 50 രൂപയ്ക്ക് പകരം 100 രൂപയാക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100ല്‍ നിന്ന് 200 രൂപയാക്കും.

മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150ല്‍ നിന്നും 300 ആക്കും. ഹെവി വാഹനങ്ങളുടേത് 250ല്‍ നിന്നും 500 ആയി വര്‍ധിപ്പിക്കും. കൂടാതെ ഫാന്‍സി നമ്പര്‍ സെറ്റുകള്‍ അവതരിപ്പിക്കാനും പെര്‍മിറ്റ് ഫീസും അപ്പീല്‍ ഫീസും കൂട്ടാനും നടപടിയെടുക്കും.

നികുതി സംബന്ധമായി മൈനിംഗ് ആന്‍ഡ് ജിയോളജി മേഖലയില്‍ ഏഴുമാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തുന്നത്. റോയലിറ്റി പരിഷ്കരണം, പിഴ ഈടാക്കല്‍, ശാസ്ത്രീയ അളവ് പരിശോധിക്കല്‍ എന്നിവ വഴി വരുമാനം വര്‍ധനവിന് കഴിയുമെന്നാണ് ധനമന്ത്രി കണക്ക് കൂട്ടുന്നത്.

വൈദ്യുത മേഖലയില്‍ വാണിജ്യ വ്യാവസായിക യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടിയിട്ടുണ്ട്. ജുഡീഷ്യല്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പിന്‍റെ നിരക്കും കൂട്ടും.