സ്വകാര്യ ടെലികോം കമ്പനികള്‍ ‘കീശ കാലിയാക്കുന്നു'; കളം പിടിക്കാന്‍ ബിഎസ്എന്‍എല്‍

11:08 AM Feb 02, 2023 | Deepika.com
കോഴിക്കോട്: സ്വകാര്യ ടെലികോം കമ്പനികള്‍ ഉപയോക്താക്കളുടെ കീശകാലിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ‘സാഹചര്യം' മുതലാക്കി കുതിപ്പ് നടത്താന്‍ ബിഎസ്എന്‍എൽ. പുതിയതായി 1,198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ മുടക്കുന്ന തുകയ്ക്ക് മൂല്യമുള്ള സേവനമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നത്. 1,198 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്ലാൻ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അതിനാൽത്തന്നെ നിരവധി പേർക്ക് ഈ പ്ലാൻ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും.

സാധാരണക്കാരായ ആളുകളാണ് ബിഎസ്എൻഎൽ സിം കൂടുതലായും ഉപയോഗിച്ചുവരുന്നത്. അതുതന്നെയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യം വയ്ക്കുന്നതും. 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിംഗ്, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

12 മാസവും ഈ ഓഫർ തുടരുന്നതിനാൽത്തന്നെ വർഷം മുഴുവൻ അത്യാവശ്യം കോളിംഗ്, ഡാറ്റ, എസ്എംഎസ് ആവശ്യങ്ങൾ നിറവേറും. വർഷം 36 ജിബി ഡാറ്റയും 3,600 മിനിറ്റ് കോളിംഗും ഈ പ്ലാൻ നൽകും. നിലവില്‍ മറ്റ് കമ്പനികളുടെ നിരക്കിനേക്കാൾ കുറവാണിത്.