അഹമ്മദാബാദ്: കുട്ടിക്രിക്കറ്റിലെ കന്നി സെഞ്ചുറി കുറിച്ച് ടീമിലെ "കുട്ടി' താരം ശുഭ്മാൻ ഗിൽ നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത ഇന്ത്യ, 1 -1 എന്ന നിലയിൽ തുടരുന്ന മൂന്ന് മത്സര പരമ്പര കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
63 പന്തിൽ 12 ഫോറുകളും ഏഴ് സിക്സറുകളുമായി മൊട്ടേര സ്റ്റേഡിയത്തിലെ വിശാലമായ ഔട്ട്ഫീൽഡിനെ നിസാരവൽക്കരിച്ച ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. പുറത്താകാതെ 126 റൺസ് നേടിയ ഗിൽ, നാലാം വിക്കറ്റിൽ നായകൻ ഹാർദിക് പാണ്ഡ്യക്കൊപ്പം(30) നേടിയ 103 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷനെ(1) നഷ്ടമായ നീലപ്പടയുടെ ബാറ്റിംഗ് പതറുമെന്ന് തോന്നിപ്പിച്ചെങ്കിലും രാഹുൽ ത്രിപാഠി(44) ഗില്ലിന് മികച്ച പിന്തുണ നൽകി. സൂര്യകുമാർ യാദവിനെ(24) ബ്രേസ്വെല്ലിന്റെ ആക്രോബാറ്റിക് ക്യാച്ചിലൂടെ പുറത്താക്കിയ കിവീസിന് ഗില്ലെന്ന യാഗാശ്വത്തെ ഒരുതരത്തിലും പിടിച്ചുകെട്ടാൻ സാധിച്ചില്ല.
കിവീസിനായി ഡാരിൽ മിച്ചൽ, ഇഷ് സോധി, ബ്ലെയർ ടിക്നർ, മൈക്കൾ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഗില്ലിന്റെ തല്ലിൽ പതറി കിവീസ്; ഇന്ത്യക്ക് മികച്ച സ്കോർ
08:55 PM Feb 01, 2023 | Deepika.com