തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പത്ത് ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവച്ചതോടെ രാജ്യത്ത് വലിയതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33 ശതമാനം വർധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കൾക്ക് മൂന്നുവർഷം സ്റ്റൈഫന്റോടെ പരിശീലനം നൽകുന്നത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസകരമാണ്.
ബജറ്റ് കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പാണ്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത് കാർഷിക ഉൽപാദനം വർധിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിനും കർഷകരെ സഹായിക്കും.
കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവച്ചതും സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സർവസ്പർശിയായ ബജറ്റ്, കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്ന് കെ. സുരേന്ദ്രന്
08:11 PM Feb 01, 2023 | Deepika.com