ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; സ്ലാബ് പരിഷ്കരിച്ചു

02:47 PM Feb 01, 2023 | Deepika.com
ന്യൂഡൽഹി: ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ നികുതി വ്യവസ്ഥയിൽ ചേർന്നവർക്ക് മാത്രമാണ് ഇത് ബാധകമാവുക. പഴയ സ്കീം പ്രകാരമുള്ളവർക്ക് മൂന്നുലക്ഷം വരെയാണ് നികുതി ഇളവ് ഉണ്ടായിരിക്കുക.

മൂന്നുലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ ഒമ്പതുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി.

ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45,000 രൂപ ആദായ നികുതി അടച്ചാൽ മതി. 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടയ്ക്കണം. നിലവിൽ ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ആദായ നികുതിയെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.