തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ പിഴവ് സംബന്ധിച്ച് കേരളാ സർവകലാശാലയോട് രാജ്ഭവൻ വിശദീകരണം തേടി. ചിന്ത ജറോമിനെതിരേയും അവരുടെ ഗൈഡ് ആയി പ്രവർത്തിച്ച മുൻ പ്രൊ വൈസ് ചാൻസലർ ഡോ.പി. പി. അജയകുമാറിനെതിരേയും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിനാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയത്.
ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയതും അതേപടി ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും കടന്നുകൂടിയെന്നാണ് കണ്ടെത്തൽ.
ചങ്ങന്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പള്ളിയുടേതെന്ന രീതിയിൽ ഡോക്ടറേറ്റ് പ്രബന്ധത്തിൽ രേഖപ്പെടുത്തിയത് നോട്ടപ്പിഴവും മാനുഷീക പിശകുമെന്നായിരുന്നു ചിന്തയുടെ വിശദീകരണം. പ്രബന്ധം പുസ്തകരൂപത്തിലാക്കുന്പോൾ തെറ്റുതിരുത്തും. തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറയുന്നതായും ചിന്ത പ്രതികരിച്ചു.
വാഴക്കുലയിലെ കറ; ഗവേഷണ പ്രബന്ധത്തിലെ തെറ്റിൽ ഗവർണർ വിശദീകരണം തേടി
07:46 PM Jan 31, 2023 | Deepika.com