പടക്കവുമായി വരന്‍റെ സുഹൃത്തുക്കൾ; കല്യാണ വീട്ടിൽ അടിപൊട്ടി

12:54 PM Jan 31, 2023 | Deepika.com
കോഴിക്കോട്: വിവാഹവേദികളിൽ വരന്‍റെ സുഹൃത്തുക്കൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ചെറിയ തോതിലുള്ള കശപിശയിൽ അവസാനിക്കുന്നത് മലബാറിൽ പുതുമയല്ല. കല്യാണ സൊറ എന്ന ഓമനപ്പേരിൽ വരന്‍റെ സുഹൃത്തുക്കൾ മദ്യപിച്ച് നടത്തുന്ന ‘റാഗിംഗ്' വധുവിന് സഹിക്കാവുന്നതിലും അപ്പുറമാകുന്നതും പതിവാണ്.

ഇതിന്‍റെ പേരിൽ വധുവിന്‍റെ ബന്ധുക്കൾ ഇടപെടുന്പോഴാണ് വരന്‍റെ സുഹൃത്തുക്കളുടെ അതിരുകടക്കുന്ന തെമ്മാടിത്തം ചെറിയ തോതിലുള്ള വാക്കുതർക്കത്തിലേക്കും അടിപിടിയിലേക്കും നീങ്ങുന്നത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മേപ്പയ്യൂരിലെ വിവാഹ വീട്ടിലുണ്ടായ അടിപിടി.

വിവാഹ സംഘത്തോടൊപ്പം വധുവിന്‍റെ വീട്ടിലെത്തിയ സുഹൃത്തുക്കൾ പതിവ് പോലെ തങ്ങളുടെ 'കലാപരിപാടി'കൾ ആരംഭിച്ചപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു. വധുവിന്‍റെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ച വരന്‍റെ സുഹൃത്തുക്കളുടെ നടപടി നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനോട് വരന്‍റെ സുഹൃത്തുക്കൾ ധിക്കാരപരമായി പ്രതികരിച്ചു.

ഇതോടെ പ്രശ്നം രൂക്ഷമായി നാട്ടുകാരോട് ഒന്നടങ്കം വരന്‍റെ സുഹൃത്തുക്കൾ തട്ടിക്കയറി. തുടർന്ന് നാട്ടുകാരും സംഘടിച്ച് പ്രതിരോധിച്ചു തുടങ്ങി. ഇരു വിഭാഗങ്ങളും ചേരി തിരിഞ്ഞാരംഭിച്ച വാക്കേറ്റം പിന്നീട് അടിയിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങി. ഒടുവിൽ കല്യാണ പന്തലിൽ അടക്കം നാശനഷ്ടമുണ്ടാവുന്ന രീതിയിലേക്ക് കൂട്ടത്തല്ല് മാറിയതോടെ ചിലർ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കിയെങ്കിലും കേസെടുക്കേണ്ടെന്ന ബന്ധുക്കളുടെ അഭ്യർഥന മാനിച്ചു മേപ്പയ്യൂർ പോലീസ് കേസെടുത്തില്ല. എന്നാൽ വിവാഹ വീട്ടിലെ അടി എന്ന പേരിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.